എറണാകുളം ജില്ല
എറണാകുളം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്. ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്.


No comments:
Post a Comment