കൊല്ലം ജില്ല
കേരളത്തിലെ തെക്കുഭാഗത്തുള്ള ഒരു ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ് കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെൻമല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, കാപ്പിൽ, ഇടവ, പുനലൂർ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവിൽ വന്നതും കൊല്ലത്തുതന്നെ.രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
1957 ഓഗസ്റ്റ് 17-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.
ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ, കൊച്ചുകലുങ്ക്, മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു.


No comments:
Post a Comment