കോഴിക്കോട് ജില്ല
കോഴിക്കോട്, കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം. വടക്ക് കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകൾ.
വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്.
ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു. [4] പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്. ചൈനീസ് സഞ്ചാരിയായ സെങ്ങ് ഹി പോർട്ടുഗീസ് നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ് കോഴിക്കോട്. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു.

കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു. ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.
സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്.
1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു. 1957 ജനുവരി 1-ന് കോഴിക്കോട് ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച് മലപ്പുറം, വയനാട് എന്നീ ജില്ലകൾക്ക് രൂപം കൊടുത്തു.